മാട്ടായ മഖാം

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള മാട്ടായ എന്ന പ്രദേശത്താണ് മാട്ടായ മഖാം സ്ഥിതി ചെയ്യുന്നത്.

ശൈഖ് മുഹമ്മദ് മുഹ്‌യിദ്ധീൻ ബുഖാരി(ഖ:സി) എന്ന മഹാനുഭാവനാണ് ഇവിടെ മറപെട്ടു കിടക്കുന്നത്.

പെരുമ്പടപ്പ് പുത്തൻപള്ളിക്കടുത്തുള്ള തൃശൂർ ജില്ലയിൽ പെട്ട പുന്നയൂർക്കുളം എന്ന പ്രദേശത്ത് മൊയ്തുണ്ണി മുസ്ലിയാർ,ഫാത്തിമ എന്നീ സാത്വിക ദമ്പതികളുടെ മകനായി 1907 ആഗസ്റ്റ് 6നാണ് മഹാനവർകളുടെ ജനനം.

സ്വന്തം ഉമ്മയിൽ നിന്നും,അമ്മായിയിൽ നിന്നുമാണ് പ്രഥമിക ദീനീ പഠനം.

പുന്നയൂർക്കുളം ബാവ മുസ്ലിയാരുടെ ഓത്തു പള്ളിയിലാണ് തുടർ പഠനം.

പിന്നീട് ഉപരി പഠനാർത്ഥം ഇസ്ലാമിക് യൂണിവേഴ്സിറ്റിയായ പൊന്നാനി വലിയ പള്ളിയിലെത്തി വിജ്ഞാനത്തിന്റെ മുത്തും പവിഴവും ഹൃത്തിൽ നിറച്ചു.

വലിയ സൂഫീവര്യനായ കാരക്കാട് അബൂബക്കർ മുസ്ലിയാരുടെ പട്ടാമ്പി ദർസിലും,കരിങ്ങനാട് വീരാവുണ്ണി മുസ്ല്യാരുടെ അടുക്കലും മഹാനവർകൾ ജ്ഞാന ദാഹവുമായെത്തി ദീനീ ഉലൂമുകൾ മതി വരുവോളം പാനം ചെയ്തു.

കുഞ്ഞുപ്രായത്തിൽ തന്നെ ഇൽമിനോടും,ഇബാദതിനോടും അടങ്ങാത്ത ദാഹിയായ മഹാനവർകൾ ഉസ്താദുമാരെ അഗാധമായി സ്നേഹിക്കുകയും,അങ്ങേയറ്റം ആദരിക്കുകയും ചെയ്തിരുന്നു.

കുറേ കാലത്തെ പഠന തപസ്യക്കു ശേഷം ഉസ്താദുമാരുടെ സമ്മതത്തോടെ ദുനിയാവിന്റെ സുഖങ്ങൾ ത്യജിച്ച് പരിത്യാഗിയായി സഞ്ചരമാരംഭിച്ചു.

കാടും മേടും താണ്ടി ആ യാത്ര കുറേ കാലം തുടർന്നു…

പലപ്പോഴും വനത്തിന്റെ വിജനതയിൽ ഇബാദത്തിൽ മുഴുകി..
കാട്ടുകനികളും,പച്ചിലകളും ഭക്ഷണമാക്കി…

അതോടൊപ്പം നിരവധി ആത്മീയ മജ്‌ലിസുകൾക്ക് നേതൃത്വം നൽകാനും മഹാനവർകൾ സമയം കണ്ടെത്തി.

കണ്ണൂർ,കാസർഗോഡ്,കൽക്കത്ത,അഹമ്മദാബാദ്,അജ്മീർ ഡൽഹി തുടങ്ങി ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളും,സിയാറത്ത് കേന്ദ്രങ്ങളും താണ്ടി മഹാനവർകളുടെ യാത്ര അനവരതം തുടർന്നു.

ഖാദിരിയ്യ,ചിശ്തിയ്യ,രിഫാഇയ്യ തുടങ്ങി അനേകം ത്വരീഖത്തുകളുടെ ശൈഖും അനേകം ഔലിയാക്കൾ ശിഷ്യരായുമുള്ള മഹാനവർകളിൽ നിന്നുണ്ടായ കറാമത്തുകൾ നിരവധിയാണ്…

സിഎം വലിയ്യുള്ളാഹിയുടെ(ഖ:സി) ശൈഖായ പുലി മൊയ്തീൻ സാഹിബ്(ഖ:സി),കുമ്പള മോയീൻച്ച മസ്താൻ(ഖ:സി),കാസർഗോഡ് നെല്ലിക്കുന്ന് ഉപ്പാപ്പ(ഖ:സി),ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ(ഖ:സി) തുടങ്ങി ആ ശിഷ്യ പരമ്പര കണക്കറ്റതാണ്..

അനേകം രചനകളും മഹാനവർകൾ ഇസ്ലാമിക ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്…

രണ്ടു വാള്യങ്ങളിലായി പരന്നു കിടക്കുന്ന തസവ്വുഫ് ഗ്രന്ഥമായ രിയാളുൽ മുഹമ്മദിയ്യ അതിൽ പ്രധാനമാണ്.

1982 ഡിസംബർ 25 ശനിയാഴ്ച തൃശൂർ ജില്ലയിലെ എരുമപ്പെട്ടി എന്ന സ്ഥലത്ത് വെച്ചാണ് മഹാനവർകൾ വഫാതാകുന്നത്.

ഡിസംബർ 26 ഞായറാഴ്ച പട്ടാമ്പിക്കടുത്ത് മാട്ടായയിൽ മഹാനവർകൾ നിർമ്മിച്ച ജലാലിയ്യ മസ്ജിദിനു ചാരെ മഹാനവർകൾക്ക് പാരിടമൊരുക്കി.

മറമാടേണ്ട സ്ഥലം മഹാനവർകൾ മുൻകൂട്ടി അറിയിച്ചതു പ്രകാരമാണ് മാട്ടായയിൽ ഖബ്‌റൊരുക്കിയത്.

വഫാതായി കാലങ്ങളേറെയായെങ്കിലും ജീവിത കാലത്തെന്ന പോലെ ആവലാതികളുടെ നിറ ഭാണ്ഡങ്ങളും പേറി അനേകമാളുകൾ ആ മഹൽ സന്നിധിയിലേക്ക് ഓടിയെത്തുന്നു അള്ളാഹു നൽകിയ അപാരമായ അനുഗ്രഹത്താൽ ആധികളും വ്യാധികളും വ്യഥ വേദന വേവലാതികളും തീർത്ത് മഹാനവർകൾ അവരെ യാത്രയാക്കുന്നു.

മഹാനവർകളുടെ ബറകത് കൊണ്ട് അള്ളാഹു നമ്മുടെ ഇരുലോക ജീവിതം സന്തോഷത്തിലാക്കട്ടെ – ആമീൻ